മോദിക്ക്‌ സ്വന്തം മണ്ഡലം സന്ദര്‍ശിക്കാന്‍ സമയമില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മത്സരിക്കും: പ്രിയങ്ക

0
235

അയോധ്യ: ലോകം ചുറ്റി സഞ്ചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം മണ്ഡലം സന്ദര്‍ശിക്കാന്‍ സമയമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. അഞ്ച് വര്‍ഷത്തിനിടെ വാരണാസിയിലെ ഒരു ഗ്രാമം സന്ദര്‍ശിക്കാന്‍ പോലും മോദി സമയം കണ്ടെത്തിയില്ല. ഒരു കുടുംബത്തെ പോലും അദ്ദേഹം സന്ദര്‍ശിച്ചില്ലെന്നും പ്രിയങ്ക ആരോപിച്ചു.

യുപിയിലെ ഫൈസാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോദി നിങ്ങളുടെ ഗ്രാമം സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന ചോദിച്ചപ്പോള്‍ ഗ്രാമവാസികളുടെ മറുപടി ഇല്ല എന്നായിരുന്നു. വാരണാസിയിലെ ജനങ്ങളുടെ വാക്കുകള്‍ കേട്ട് താന്‍ സ്തബ്ധയായെന്നും പ്രിയങ്ക പറഞ്ഞു. ലോകമൊട്ടുക്കും സഞ്ചരിക്കുകയും എല്ലാവരെയും ആശ്ലേഷിക്കുകയും ചെയ്ത പ്രധാനമന്ത്രി സ്വന്തം ജനങ്ങളെ ഒരിക്കല്‍ പോലും ആശ്ലേഷിക്കാന്‍ തയാറായില്ലെന്നും പ്രിയങ്ക പറഞ്ഞു.

അമേരിക്ക, ജപ്പാന്‍, ചൈന അടക്കമുള്ള ലോകരാജ്യങ്ങളില്‍ പോയ പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ കാണാന്‍ ഒരിക്കലും പോലും സമയം ചെലവഴിച്ചില്ല. വാരണാസിയിലെ ജനങ്ങള്‍ക്ക് വേണ്ടി മോദി ഒന്നും ചെയ്തില്ല. അവരുമായി ഇടപെട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇതൊരു ചെറിയ കാര്യമല്ല, വലിയ പ്രശ്‌നം തന്നെയാണ്. സര്‍ക്കാരിന്റെ ഉദ്ദേശത്തെയാണ് ഇത് വെളിവാക്കുന്നത്. ധനികരെ കൂടുതല്‍ ധനികരാക്കുന്ന സര്‍ക്കാര്‍ പക്ഷേ പാവപ്പെട്ടവരെ സഹായിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മത്സരിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.