താരമായി റോയല്‍ എന്‍ഫീല്‍ഡ് ജിടി വായു

0
399

ബാങ്കോക്കില്‍ നടന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര മോട്ടോര്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് ജിടി വായു താരമാകുന്നു. കഫെ റേസര്‍ ചാരുത കൈവെടിഞ്ഞിട്ടില്ലെങ്കിലും തികച്ചും വേറിട്ട വ്യക്തിത്വമാണ് ബൈക്കില്‍ വെളിവാകുന്നത്. കോണ്‍ടിനന്റല്‍ ജിടി 650 യുടെ ഇന്ധനടാങ്ക് നിലനിര്‍ത്തിയതൊഴിച്ചാല്‍ മോഡല്‍ അടിമുടി മാറി. എയറോഡൈനാമിക് അഴകുള്ള മുന്‍ ഫെയറിങ് ഡിസൈനില്‍ ഏറ്റവുമാദ്യം ശ്രദ്ധയാകര്‍ഷിക്കും.

വട്ടത്തിലുള്ള ചെറു ഹെഡ്‌ലാമ്പ് മുന്നിലെ ചട്ടക്കൂടില്‍ ഒരുങ്ങുന്നു. പരന്ന സീറ്റാണ് ബൈക്കിന്. ചതുരാകൃതിയുള്ള വാലറ്റത്തും കാണാം വട്ടത്തില്‍ ടെയില്‍ലാമ്പ്. റോയല്‍ എന്‍ഫീല്‍ഡ് ജിടിയുടെ രൂപഭാവത്തില്‍ വിന്റേജ് ശൈലി നിറഞ്ഞുനില്‍ക്കുന്നുണ്ട്. തിളങ്ങുന്ന ചാരനിറം ബൈക്കിന്റെ മാറ്റുകൂട്ടുന്നു. ക്ലച്ച് കവറിനും ഗിയര്‍ബോക്‌സ് കേസിനും ഇവര്‍ നല്‍കിയ ഹീറ്റ് ഫിന്‍ ഡിസൈന്‍ മോഡലിന് സങ്കീര്‍ണമായ പ്രതിച്ഛായ കല്‍പ്പിക്കും.

കറുപ്പഴകിലാണ് എഞ്ചിന്‍. പൂര്‍ണമായും കസ്റ്റം നിര്‍മ്മിത ഡയാബ്‌ളോ എക്‌സ്‌ഹോസ്റ്റ് സംവിധാനം മോഡലില്‍ പ്രത്യേകം പരാമര്‍ശിക്കണം. പുതിയ ചെയിനും സ്‌പ്രോക്കറ്റുകളും റോയല്‍ എന്‍ഫീല്‍ഡ് ജിടി വായുവിന്റെ ആകര്‍ഷണീയത കൂട്ടുന്നു. പെര്‍ഫോര്‍മന്‍സ് എയര്‍ ഫില്‍ട്ടറും കസ്റ്റം നിര്‍മ്മിത പിന്‍ ഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റുകളും പ്രകടനക്ഷമതയെ സ്വാധീനിക്കും. ഹാരിസ് പെര്‍ഫോര്‍മന്‍സുമായി ചേര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ച കോണ്‍ടിനന്റല്‍ ജിടിയുടെ ട്യൂബുലാര്‍ ഇരട്ട ക്രാഡില്‍ ഫ്രെയിമിന് മാറ്റമില്ല. താഴ്ന്ന ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാര്‍, സ്‌പോക്ക് വീലുകള്‍, വണ്ണമുള്ള ടയറുകള്‍ എന്നിവ ബൈക്കിന്റെ കഫെ റേസര്‍ പാരമ്പര്യം വിടാതെ മുറുക്കെപ്പിടിക്കുന്നുണ്ട്.

മുന്‍ ടയറില്‍ 320 ാാ ഡിസ്‌ക്കും പിന്‍ ടയറില്‍ 240 ാാ ഡിസ്‌ക്കുമാണ് ബ്രേക്കിങ്ങിനായി. അതേസമയം മുന്‍ ടയറില്‍ മാത്രം ബ്രെമ്പോ കാലിപ്പറുകളാണ് ഇടംപിടിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ജിടി വായുവിന്റെ കരുത്തുത്പാദനം സംബന്ധിച്ച വിവരങ്ങള്‍ കെസ്പീഡ് കസ്റ്റം വെളിപ്പെടുത്തിയിട്ടില്ല.

649 സിസി പാരലല്‍ ട്വിന്‍ എഞ്ചിനിലാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി 650 പുറത്തിറങ്ങുന്നത്. എഞ്ചിന് 47 ബിഎച്ച്പി കരുത്തും 52എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ഓയില്‍, എയര്‍ കൂളിങ് സംവിധാനങ്ങള്‍ എഞ്ചിനിലുണ്ട്. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. തായ്‌ലാന്‍ഡില്‍ പുതിയ അസംബ്ലി ശാല സ്ഥാപിച്ച പശ്ചാത്തലത്തില്‍ ബാങ്കോക്ക് രാജ്യാന്തര മോട്ടോര്‍ ഷോയില്‍ കാര്യഗൗരവത്തോടെയാണ് റോയല്‍ എന്‍ഫീല്‍ഡ് പങ്കെടുക്കുന്നത്.

തെക്കുക്കിഴക്കന്‍ ഏഷ്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ കമ്പനി ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് കമ്പനി സ്ഥാപിക്കുന്ന ആദ്യ അസംബ്ലി ശാലയാണ് തായ്‌ലാന്‍ഡിലേത്. ജൂണ്‍ മുതല്‍ തായ്‌ലാന്‍ഡ് ശാലയില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ പുറത്തിറങ്ങും.