‘നരകസഭ’ തന്നെ; പില്ലറുകള്‍ തമ്മില്‍ ഒന്നര ഇഞ്ച് അകലം കൂടിയത് ലൈസന്‍സ് നിഷേധിക്കാന്‍ കാരണം; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0
411

തളിപ്പറമ്പ്: കെട്ടിടത്തിന്റെ പില്ലറുകള്‍ തമ്മില്‍ ഒന്നര ഇഞ്ച് അകലം കൂടിയതാണ് പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കാതിരിക്കാന്‍ അവസാന ഘട്ടത്തില്‍ ആന്തൂർ നഗരസഭാ കെട്ടിട നിര്‍മാണ നിയന്ത്രണ വിഭാഗം കണ്ടെത്തിയ ന്യൂനതയെന്ന് ചെയര്‍പേഴ്‌സണ്‍ പി.കെ. ശ്യാമള.

അടിനിലയിലെ പാര്‍ക്കിംഗ് ഏരിയായിലാണ് ഇവ ദൃശ്യമാകുന്നത്. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഓരോരോ ന്യൂനതകള്‍ കണ്ടെത്തിയ നഗരസഭാ അധികൃതര്‍ അവസാനം കണ്ടെത്തിയ ഈ ന്യൂനത പരിഹരിക്കണമെങ്കില്‍ നിര്‍മിച്ച കെട്ടിടംതന്നെ പൊളിക്കേണ്ടി വരുമെന്ന സ്ഥിതി വന്നതാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഈ കാര്യം നഗരസഭാ അധിക്യതര്‍ പറഞ്ഞതു മുതല്‍ സാജന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് മാനേജര്‍ സജീവന്‍ പറഞ്ഞു.

അതിനിടെ നഗരസഭാ ചെയര്‍മാനുമായി ഇടഞ്ഞു നില്‍ക്കുന്ന വൈസ് ചെയര്‍മാന്‍ കെ.ഷാജു ഇന്നലെ ചെയര്‍മാന്‍ വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍ പങ്കെടുക്കാതെ മാറി നിന്നതും ചര്‍ച്ചയായിട്ടുണ്ട്. വിരലിലെണ്ണാവുന്ന കൗണ്‍സിലര്‍മാര്‍ മാത്രമേ പത്രസമ്മേളനം നടക്കുന്ന സമയത്ത് നഗരസഭാ ഓഫീസില്‍ എത്തിയിരുന്നുള്ളു. സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. നഗരസഭ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. നഗരസഭ അധ്യക്ഷയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സാജന്റെ ഭാര്യ ആവശ്യപ്പെട്ടാല്‍ പോലീസ് അന്വേഷിക്കാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ മന്ത്രി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി ശാസിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് ടൗണ്‍ പ്ലാനിംഗ് വിജിലന്‍സിനോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ന ല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

ആന്തൂർ നഗരസഭയിൽപെട്ട ബക്കളത്ത് 15 കോടി രൂപ മുടക്കിയാണു സാജൻ ഓഡിറ്റോറിയം നിർമിച്ചത്. എന്നാൽ ഏതാനും മാസം മുൻപ് നിർമാണത്തിൽ അപാകത ആരോപിച്ചു നഗരസഭ നോട്ടിസ് നൽകി. കെട്ടിടം പൊളിച്ചു മാറ്റണമെന്നായിരുന്നു ആവശ്യം. സാജൻ സിപിഎം ജില്ലാ കമ്മിറ്റിയെ സമീപിക്കുകയും ഉദ്യോഗസ്ഥരടങ്ങിയ സമിതി പരിശോധന നടത്തിയശേഷം നടപടിയെടുത്താൽ മതിയെന്നു പാർട്ടി നിർദേശിക്കുകയും ചെയ്തിരുന്നു.

ജില്ലാ ടൗൺ പ്ലാനിങ് ഓഫിസർ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തിയില്ല. നിർമാണം തുടർന്നു. ഓഡിറ്റോറിയം പൂർത്തിയായശേഷം നാലു മാസം മുൻപു കൈവശാവകാശ സർട്ടിഫിക്കറ്റിനു നഗരസഭയെ സമീപിച്ചു. എന്നാൽ അപേക്ഷയിൽ നഗരസഭ തീരുമാനമെടുത്തില്ല. ഈ വിഷയത്തിലും സാജൻ പരാതിപ്പെട്ടിരുന്നു. ഓഡിറ്റോറിയം തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്ന് അടുത്ത സുഹൃത്തുക്കളോടും പറ‍ഞ്ഞിരുന്നു.