‘ശവമനുഷ്യന്‍’ അല്ല, കരടി തടവിലാക്കിയ ആള്‍! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യം

0
341

കണ്ടാല്‍ ഭയം തോന്നുന്ന തരത്തില്‍ ഒരു മനുഷ്യരൂപം. എല്ലും തോലും മാത്രമായി, ത്വക്ക് ചീഞ്ഞ്, ശരീരമാസകലം മുറിവുകളുമായി ഒരാള്‍. ഈ മനുഷ്യന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഭവം റഷ്യയിലാണെങ്കിലും വീഡിയോ കണ്ട പലരും കേരളത്തില്‍ പോലും– തങ്ങളുടെ സങ്കല്‍പ്പത്തിനനുസരിച്ച് പല കഥകളും മെനഞ്ഞു. അതില്‍ പ്രധാനം ശവക്കോട്ടയില്‍ നിന്ന് എഴുന്നേറ്റു വന്നതാണ് അയാള്‍ എന്നതായിരുന്നു. പക്ഷേ, സത്യം അതല്ല. ഒരു മാസത്തോളം അലക്‌സാണ്ടര്‍ തടവിലായിരുന്നു. ഒരു കരടിയാണ് തന്റെ ഗുഹയില്‍ ഇത്ര കാലം അലക്‌സാണ്ടറിനെ തടവില്‍ വച്ചിരുന്നത്. ജീവന്‍ മാത്രം ബാക്കി വച്ച്, കരടി അലക്‌സാണ്ടറെ കൊല്ലാതെ കാത്തിരുന്നത് ക്ഷാമ കാലത്ത് ഭക്ഷണമാക്കാന്‍ വേണ്ടി മാത്രം. ദിവസങ്ങള്‍ക്കു മുമ്പ് കാടിനുള്ളിലെത്തിയ ഒരു വേട്ട സംഘത്തിലെ നായ്ക്കള്‍ അലക്‌സാണ്ടറിനെ കണ്ടെത്തുമ്പോള്‍ അയാള്‍ ഒരു വികൃത രൂപമായി മാറിക്കഴിഞ്ഞിരുന്നു,

ശരീരമാകെ മുറുവുകളും ചോരപ്പാടുകളുമായി, ചീഞ്ഞളിഞ്ഞ്, പുഴുവരിച്ച്, ദുസഹമായ ഗന്ധം വമിപ്പിച്ചു കിടന്നിരുന്ന അലക്‌സാണ്ടറിനെ കണ്ടപ്പോള്‍ വേട്ടക്കാര്‍ ആദ്യം കരുതിയത് ഗുഹയ്ക്കുള്ളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പെങ്ങോ ആരോ കൊണ്ടു വച്ച ഒരു മമ്മി ആണെന്നാണ്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇതൊരു മനുഷ്യനാണെന്നും, ജീവനുണ്ടെന്നും മനസ്സിലാക്കി അവര്‍ അലക്‌സാണ്ടറിനെ ജീവിതത്തിലേക്കു മോചിപ്പിച്ചത്.

മംഗോളിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന റഷ്യയുടെ ഉള്‍നാടന്‍ പ്രദേശത്തെ ഒരു വനഭാഗത്തു നിന്നാണ് അലക്‌സാണ്ടറിനെ വേട്ടനായ്ക്കള്‍ കണ്ടെത്തിയത്. വേട്ടനായ്ക്കളെ പിന്തുടര്‍ന്ന് വേട്ടക്കാരുടെ സംഘം ഗുഹയിലെത്തുമ്പോള്‍ കരടി അവിടെയുണ്ടായിരുന്നില്ല.അലക്‌സാണ്ടറിന്റെ നട്ടെല്ല് തകര്‍ത്താണ് കരടി അയാളെ തടവിലാക്കിയതത്രേ. ശരീരകമാസകലം മുറിവേല്‍പ്പിക്കുകയും തൊലി മാന്തിപ്പൊളിക്കുകയും ചെയ്തു. താന്‍ റഷ്യക്കാരനാണെന്നും പേര് അലക്‌സാണ്ടര്‍ എന്നാണെന്നതുമുള്‍പ്പെടെ ചില കാര്യങ്ങള്‍ മാത്രമാണ് അയാള്‍ക്കിപ്പോള്‍ ഓര്‍മ്മയുള്ളത്. മാനസികമായും ശാരീരികമായും വളരെയേറെ ക്ഷീണിതനായ അവസ്ഥയിലാണയാള്‍. കണ്ണുകള്‍ പ്രയാസപ്പെട്ടു തുറക്കാനും സംസാരിക്കാനും കൈകള്‍ ചെറുതായി ചലിപ്പിക്കാനും മാത്രം സാധിക്കുന്നുണ്ട്.

അലക്‌സാണ്ടര്‍ എങ്ങനെ കാട്ടിലെത്തിയെന്നും എങ്ങനെ കരടിയുടെ കയ്യിലകപ്പെട്ടുവെന്നുമുള്ളതിന് കൃത്യമായ ഒരു മറുപടി ലഭ്യമായിട്ടില്ല. തന്നെ കൊന്നു തിന്നാന്‍ കരടി എപ്പോള്‍ വേണമെങ്കിലും മടങ്ങിവരുമെന്ന ഭയത്താല്‍, ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം മൂത്രമാണ് താന്‍ കുടിച്ചിരുന്നതെന്ന് അലക്‌സാണ്ടര്‍ പറയുന്നു. അതേ സമയം, അലക്‌സാണ്ടര്‍ കൊല്ലപ്പെടാത്തത് ഒരു അത്ഭുതമാണെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ഇത്ര കാലം അദ്ദേഹത്തിന് എങ്ങനെ അതിജീവിക്കാന്‍ കഴിഞ്ഞുവെന്നാണ് അവര്‍ പഠിക്കുന്നത്.