മൂന്ന് ജോഡി ചുരിദാര്‍ മാത്രമാണ് ഉണ്ടായിരുന്നത്; ആലത്തൂര്കാര് സമ്മതിച്ചാല്‍ ഉടന്‍ വിവാഹം: മനസുതുറന്ന് രമ്യ

0
378

കയ്യില്‍ ഒരു പൈസയുമില്ലാതെയാണ് താന്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയതെന്ന് ആലത്തൂരിന്റെ സ്വന്തം പെങ്ങളൂട്ടി രമ്യ ഹരിദാസ്. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് രമ്യയുടെ തുറന്നു പറച്ചില്‍. കയ്യില്‍ ഒരു പൈസയുമില്ലാതെയാണ് ഞാന്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. കോഴിക്കോടു നിന്നു പുറപ്പെടുമ്പോള്‍ മൂന്ന് ജോഡി ചുരിദാര്‍ ബാഗിലുണ്ടായിരുന്നു. ആലത്തൂര് നിന്നു ലഭിച്ച സ്‌നേഹം എന്റെ കണ്ണ് നിറയിച്ചു. അറുപത്തിയഞ്ച് ജോഡി വസ്ത്രങ്ങള്‍ ഉണ്ടെനിക്കിപ്പോള്‍. ആകെയുള്ള ചെറിയ സമ്പാദ്യത്തില്‍ നിന്ന്, ‘മോള് ഉടുപ്പ് വാങ്ങിക്കോ’ എന്നു പറഞ്ഞു പൈസ തന്നവരുണ്ട്. അതെല്ലാം വിജയത്തിനും മേലെയുള്ള സന്തോഷങ്ങളാണ്. – രമ്യ പറയുന്നു. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും രമ്യ നിലപാട് വ്യക്തമാക്കുന്നുണ്ട്.

വിവാഹത്തിന് എപ്പോള്‍ വേണേലും തയാറാണ്. ആലത്തൂര്കാര് സമ്മതിച്ചാല്‍ ഉടന്‍ വിവാഹമുണ്ടാകും. പക്ഷേ, ആലത്തൂര്കാര് സമ്മതിക്കണം.

പഠിക്കുന്ന കാലം മുഴുവന്‍ ഡാന്‍സിന്റെ പുറകേ പോയതിനാല്‍ പ്രണയിക്കാന്‍ സമയം കിട്ടിയില്ല. ഒരിക്കല്‍ പ്രണയത്തെ കുറിച്ചു സംസാരിക്കുന്നതിനിടയില്‍ മാവൂര്‍ സ്‌കൂളിലെ എന്റെ പ്രിയപ്പെട്ട അജിത ടീച്ചര്‍ പറഞ്ഞു, ‘നന്നേ ചെറുപ്പത്തില്‍ ഒരാളെ പ്രണയിച്ചാല്‍ കുറച്ചു കഴിയുമ്പോള്‍ തോന്നും ഇതിലും നല്ലൊരാളെ കിട്ടിയേനെ എന്ന്. പ്രായത്തിന്റെ ഓരോ ഘട്ടത്തിലും നമ്മള്‍ ചിന്തിക്കും ഭാവിയില്‍ നമുക്ക് ഇതിലും നല്ലത് കിട്ടിയാലോ എന്ന്. അതുകൊണ്ട് ആദ്യം കാണുമ്പോഴേ ചാടിക്കേറി ആരേയും പ്രണയിക്കരുത്.’ അന്നും ഇന്നും ജീവിതത്തില്‍ ആ പോളിസി നെഞ്ചോടു ചേര്‍ക്കുന്ന ആളാണ് ഞാന്‍. – രമ്യ നയം വ്യക്തമാക്കി