ധോണി പുറത്തേക്ക്?; നടപടിക്ക് ബിസിസിഐ

0
279

ഇന്ത്യന്‍ ടീമംഗമെന്ന നിലയില്‍ ധോണിയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു ബിസിസിഐ ധോണിയെ അറിയിക്കുമെന്നു റിപ്പോര്‍ട്ട്‌. ഇക്കാര്യം അറിയിക്കുന്നത് ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെയും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാത്തതില്‍ ഞങ്ങള്‍ക്ക് അദ്ഭുതമുണ്ട്. ഋഷഭ് പന്തിനെപ്പോലെയുള്ള താരങ്ങള്‍ അവസരം കാത്തിരിക്കുകയാണ്. ഇനി പഴയതുപോലെ കളിക്കാന്‍ ധോണിക്ക് കഴിയില്ല. അതു നമ്മള്‍ ലോകകപ്പില്‍ കണ്ടതാണ്. ആറ്, ഏഴ് നന്പറുകളില്‍ ബാറ്റു ചെയ്തിട്ടും റണ്‍റേറ്റ് ഉയര്‍ത്താനാകുന്നില്ല. ഇത് ടീമിനെ ബാധിക്കുന്നുണ്ടെന്നും ബിസിസിഐയിലെ ഉന്നതനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിലും ട്വന്റി 20 ലോകകപ്പിനുള്ള ടീമിലും ധോണിയെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു.

മുന്‍കാല പ്രകടനങ്ങളുടെ പേരിലോ മുതിര്‍ന്ന താരമെന്ന പരിഗണനയിലോ ധോണിയെ ഇനിയും ടീമില്‍ നിലനിര്‍ത്തരുതെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ താരത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. വിരാട് കോഹ്ലിയുടെ നായകത്വം ചോദ്യം ചെയ്യേണ്ട സമയമായിട്ടുണ്ടെന്നും ഇക്കാര്യം ബിസിസിഐ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു ധോണിയുടേതെങ്കിലും നിര്‍ണായക സമയങ്ങളില്‍ റണ്‍നിരക്ക് ഉയര്‍ത്താനാകാതെ പോയത് വിമര്‍ശന വിധേയമായി. സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ ലോകകപ്പില്‍നിന്നു പുറത്തായിരുന്നു.