ദുബായ് ഡ്രൈവ് ആപ്പിലൂടെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ബുക്ക് ചെയ്യാം

0
214

 

ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) സ്മാര്‍ട്ട് ആപ്ലിക്കേഷനായ ദുബായ് ഡ്രൈവ് ആപ്പ് നവീകരിച്ചു. ഡ്രൈവിങ് പരിശീലനകാലയളവിലെ പരാതികള്‍ രേഖപ്പെടുത്താനും ഡ്രൈവിംഗ്് ടെസ്റ്റുകള്‍ ബുക്ക് ചെയ്യാനും ഇനിമുതല്‍ ആര്‍ടിഎയുടെ പരിഷ്‌കരിച്ച ഡ്രൈവ് ആപ്പിലൂടെ സാധിക്കും. ഡ്രൈവ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് വളരെ ലളിതമായ നാലുഘട്ടങ്ങളിലൂടെ ഡ്രൈവിംഗ് തിയറി പരീക്ഷകളും ഡ്രൈവിംഗ് പരീക്ഷകളും ക്രമീകരിക്കാന്‍ കഴിയും.

പഠിതാക്കള്‍ക്ക് അവരുടെ പെര്‍മിറ്റ് വിശദാംശങ്ങള്‍, പരീക്ഷാക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍, വാഹനം സഞ്ചരിക്കുന്ന ദിശ, ആപ്ലിക്കേഷനില്‍ പുതിയതായി ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ എന്നിവയും ആപ്പില്‍ കാണാനാകും. പഠിതാവിന്റെ യാത്രയുടെ ഓരോ ഘട്ടത്തിലും പരിശോധകന് സന്ദേശം നല്‍കുന്നതും മൊത്തത്തിലുള്ള പഠന അനുഭവത്തെക്കുറിച്ച് സ്ഥാപനത്തിന് വിവരങ്ങള്‍ നല്‍കുന്നതിനും ആപ്ലിക്കേഷനിലൂടെ സാധ്യമാണ്.

ദുബായിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായുള്ള അപേക്ഷകളുടെ ഓണ്‍ലൈന്‍ ബുക്കിങ് 2012 മുതല്‍ ആര്‍ടിഎയുടെ വെബ്‌സൈറ്റ് വഴി ലഭ്യമാണ്. ആര്‍ടിഎയുടെ പ്രധാന ആപ്ലിക്കേഷനിലും ഈ സേവനം കിട്ടും. ആഭ്യന്തരമന്ത്രാലയത്തിന്റെ ആപ്ലിക്കേഷനും യുഎഇയില്‍ ഡ്രൈവിംഗ്  ടെസ്റ്റ് കൂടിക്കാഴ്ചകള്‍ ക്രമീകരിക്കാനുള്ള സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉപയോക്താക്കളുടെ സംതൃപ്തി ലക്ഷ്യംവെച്ച് 2017ലാണ് ആര്‍ടിഎയുടെ പുതിയ സ്മാര്‍ട്ട് ആപ്ലിക്കേഷനായി ദുബായ് ഡ്രൈവ് ആപ്പ് പുറത്തിറങ്ങുന്നത്. ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് അറിയാനും ട്രാഫിക് പിഴ അടയ്ക്കാനും ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ പുതുക്കാനും എല്ലാം ദുബായ് ഡ്രൈവ് ആപ്പ് സഹായിക്കും. ആര്‍ടിഎയുടെ ഉപഭോക്തൃ സേവനകേന്ദ്രങ്ങളിലെ ജീവനക്കാരോട് സംശയങ്ങള്‍ ചോദിക്കാനുള്ള ചാറ്റ് സംവിധാനവും ലഭ്യമാണ്. ഉപഭോക്താക്കളുടെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ദുബായ് ഡ്രൈവ് വഴി സൂക്ഷിക്കാമെന്നതിനാല്‍ മറ്റ് സര്‍ക്കാര്‍വകുപ്പുകളുടെ സേവനത്തിലും ഇത് സഹായകമാകും.