ചേര്‍ത്തു പിടിച്ചോ ഇവനെ; ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് 12കാരന്‍

0
291

ഒരു പന്ത്രണ്ട് വയസുകാരന്റെ ഫുട്ബോൾ മികവ് കണ്ട് കണ്ണുമിഴിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ചെളി നിറഞ്ഞ ഗ്രൗണ്ടിൽ എതിരാളികളെ മറികടന്നു ഗോൾ നേടാൻ സഹായിക്കുന്ന കാസർകോട് സ്വദേശി പയ്യന്റെ പേര് മെഹ്റൂഫ്. മെഹ്റൂഫിന്റെ പന്തടക്കവും കളിമികവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ആരാധകരുടെ നിരയിലേക്ക് സെലിബ്രിറ്റികളുമെത്തി. കനേഡിയൻ ഫുട്ബോൾ താരം ഇയാൻ ഹ്യൂമും ഡച്ച് ഫുട്ബോള്‍ താരം ഹാൻസ് മുൾ‌ഡറും വരെ ഈ കുട്ടി പ്രതിഭാസത്തെ തേടിയെത്തിയിരിക്കുകയാണ്. ഫുട്ബോൾ ആരാധകർ വിഡിയോ വ്യാപകമായി ഷെയർ ചെയ്തതോടെ കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം ഇയാൻ ഹ്യൂമിന്റെ ശ്രദ്ധയിലുമെത്തി മെഹ്റൂഫിന്റെ മികവ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അരാധക സംഘമായ മഞ്ഞപ്പടയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുൾപ്പെടെ വിഡിയോ ഷെയർ ചെയ്തിരുന്നു. ഈ കുട്ടിയെ ഇപ്പോൾ തന്നെ ടീമിലെടുക്കണമെന്നാണ് ഇയാൻ ഹ്യൂം ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്. അതേസമയം കുട്ടിയുമായി ബന്ധപ്പെടുന്നതിനുള്ള വഴികൾ അന്വേഷിക്കുകയാണ് ഹോളണ്ട് ഫുട്ബോൾ താരം ഹാൻസ് മുൾഡർ.

ഒഴിവു ദിവസം കൂട്ടുകാരോടൊപ്പം മഴയത്തു കളിക്കാനിറങ്ങിയതായിരുന്നു മെഹ്റൂഫ്. പ്രതിരോധത്തില്‍ തന്നെക്കാള്‍ ഉയരമുള്ള മൂന്ന് താരങ്ങളെ നിക്ഷ്പ്രഭമാക്കി മെഹറൂഫ് പന്തുമായി മുന്നേറുന്നതാണ് വിഡിയോയിൽ. എതിരാളികളുടെ ഗോൾ പോസ്റ്റിന് മൂലയില്‍നിന്നു സഹകളിക്കാരന് ഗോൾ നേടാൻ പാസും നൽകുന്നു. തുടർന്ന് ഗോളിനു ശേഷമുള്ള ആഘോഷവും.

സ്വയം ഗോൾ നേടണമെന്നുള്ള സ്വാര്‍ഥതയില്ലാതെ, ഗോൾ നേടാൻ‌ പാസ് കൊടുത്ത മെഹ്റൂഫിന്റെ മനസ്സിനെയും അഭിനന്ദിക്കുന്നു ഫുട്ബോൾ പ്രേമികള്‍. മികച്ച പരിശീലനം നൽകിയാൽ കേരളത്തിന് ഒരു നല്ല ഫുട്ബോൾ താരത്തെ ലഭിക്കുമെന്നും കേരളത്തിന്റെ വളര്‍ന്നുവരുന്ന മെസ്സിയാണ് മെഹ്റൂഫെന്നും വരെ ആരാധകർ പുകഴ്ത്തുന്നു.