കുട്ടികള്‍ക്ക് മരുന്നു നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

0
269

 

* ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു മാത്രമേ മരുന്നു നല്‍കാവൂ എന്നതാണ് പ്രധാന കാര്യം. മുന്‍പ് രോഗം വന്നപ്പോള്‍ കുറിച്ചുതന്ന അതേ മരുന്നു വാങ്ങാനോ, സുഹൃത്തിന്റെ കുട്ടിക്ക് ഡോക്ടര്‍ നല്‍കിയ മരുന്നു കഴിപ്പിക്കാനോ ശ്രമിക്കരുത്. ഓരോ വ്യക്തിയിലും ഓരോ മരുന്നകളാകും ഫലം ചെയ്യുക. ചില മരുന്നുകള്‍ക്ക് പാര്‍ശ്വഫലമുണ്ടാകാനും ഇടയുണ്ട്.

* ആന്റിബയോട്ടിക്ക് അനാവശ്യമായി കഴിക്കുന്നത് രോഗത്തിനു കാരണമായ ബാക്ടീരിയ ആ മരുന്നിനെതിരെ പ്രതിരോധ ശക്തി നേടാനിടയാക്കും. ഭാവിയില്‍ ചികിത്സ ഫലിക്കാതെ വരും.

* ഓരോ മരുന്നിന്റെയും ഡോസ് കണക്കാക്കിയാകും മരുന്നു നല്‍കേണ്ട സമയം ഡോക്ടര്‍ നിശ്ചയിച്ചിരിക്കുന്നത്. സമയം തെറ്റുന്നതോടെ ഡോസേജില്‍ കുറവു വരും. രോഗം മാറാന്‍ അധികം സമയവുമെടുക്കും. അതിനാല്‍ മരുന്നുകള്‍ കൃത്യ സമയത്ത് കൊടുക്കുക. ഭക്ഷണത്തിനും മുന്‍പ് കൊടുക്കേണ്ടവ ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പ് കഴിപ്പിക്കുക. ഭ ക്ഷണശേഷമുള്ളവ അര മണിക്കൂര്‍ കഴിഞ്ഞും.

* ഓരോ കുട്ടിയുടെയും പ്രായത്തിനും ശരീരഭാരത്തിനും അ നുസരിച്ചാകും മരുന്നുകളുടെ ഡോസ് ഡോക്ടര്‍ തീരുമാനിക്കുക. മരുന്നുകുപ്പിയില്‍ എഴുതിയിരിക്കുന്ന അളവു നോക്കി കുട്ടിക്ക് മരുന്നു നല്‍കരുത്. കുപ്പിയില്‍ പ്രായത്തിന് അനുപാതമായ അളവായിരിക്കും കുറിച്ചിട്ടുണ്ടാകുക. എന്നാല്‍ കുട്ടിയുടെ ശരീരഭാരമനുസരിച്ച് ആ ഡോസ് അധികമാകാം. രോ ഗം പെട്ടെന്നു മാറട്ടെ എന്നു കരുതി അമിത അളവ് നല്‍കുന്നതും മുതിര്‍ന്നവര്‍ കഴിക്കുന്ന മരുന്നിന്റെ നാലിലൊരു ഭാഗം കുട്ടികള്‍ക്ക് കൊടുക്കുന്നതും തെറ്റാണ്. ഈ പ്രവണതകള്‍ രൂക്ഷമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം.

* മരുന്ന് അഞ്ചു ദിവസത്തേക്കാകും ഡോക്ടര്‍ കുറിച്ചിട്ടുണ്ടാകുക. മരുന്ന് കഴിച്ച് മൂന്നാം ദിവസം കുട്ടി ഉഷാറായി തു ടങ്ങും. ‘വെറുതെ ഈ മരുന്നെല്ലാം ഇനി കഴിക്കുന്നതെന്തിന്’ എന്നോര്‍ത്ത് മരുന്നു നിര്‍ത്തും അച്ഛനമ്മമാര്‍. ഇതു ശരിയ ല്ല. ബാഹ്യലക്ഷണങ്ങള്‍ മാറിയെന്നു കരുതി രോഗം പൂര്‍ണമായി ഭേദമായെന്നു കരുതരുത്. നിശ്ചിത ഡോസ് കഴിച്ചില്ലെങ്കില്‍ രോഗം വീണ്ടും എത്തും, അധികം വൈകാതെ.

* കുട്ടിക്ക് അലര്‍ജിയുണ്ടാക്കുന്ന മരുന്നുകള്‍ ഏതാണെന്ന് മാതാപിതാക്കള്‍ അറിയണം. അവ കുറിപ്പുകളാക്കി മെഡിക്കല്‍ റെക്കോര്‍ഡ്‌സിനൊപ്പം വയ്ക്കുക. പതിവായി ഏതെങ്കിലും മരുന്നു കഴിക്കുന്നുണ്ടെങ്കിലോ ഇന്‍ഹേലര്‍ എടുക്കുന്നുണ്ടെങ്കിലോ ആ വിവരവും ഡോക്ടറോടു പറയണം.