റെയിന്‍ബോ ചായ; ബംഗ്ലാദേശില്‍ വൈറലായ ചായയെ പരിചയപ്പെടാം

0
249

റെയിന്‍ബോ ചായ എന്നു കേട്ടിട്ടുണ്ടോ? ഒരു ഗ്ലാസ്സില്‍ ഏഴു നിറത്തിലുള്ള ഏഴു ചായകള്‍ ചേര്‍ന്നാല്‍ എങ്ങനെയിരിക്കും എന്നതിന് ഉത്തരമാണ് ബംഗ്ലാദേശില്‍ ട്രെന്‍ഡിങ്ങായി കൊണ്ടിരിക്കുന്ന ഏഴ് ലെയറുകളുള്ള ചായ. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലാണ് ഈ ചായയുള്ളത്.

ബംഗ്ലാദേശിലെ മൗലവി ബസാര്‍ ജില്ലയിലെ ചായകടക്കാരനായ റോമേഷ് റാം ഗൗറാണ് വ്യത്യസ്തമായ ഏഴു ലെയറുകളുള്ള ചായ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചത്. ഇതിലെ ഒരോ ലെയറിനും വ്യത്യസ്ത രുചിയാണുള്ളത്.

പത്തു വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന ഈ ചായയുടെ രുചിക്കൂട്ട്‌ ഇതുവരെ കക്ഷി പുറത്ത് വിട്ടിട്ടില്ല. എങ്കിലും സമീപ പ്രദേശത്തുള്ള നിരവധി ചായക്കടക്കാര്‍ ഗൗറിന്റെ ചായയെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ഗൗറിന്റെ ചായയെ അനുകരിച്ച് വിജയിച്ച വ്യക്തിയാണ് സൈഫുള്‍ ഇസ്ലാം. ഗൗറിന്റെ ചായ രഹസ്യം മനസിലാക്കുകയും പിന്നീട് ധാക്കയിലെത്തി ഇതേ ചായയുടെ ബിസിനസ്സ് ആരംഭിക്കുകയായിരുന്നുവെന്നാണ് സൈഫുള്‍ അവകാശപ്പെടുന്നത്. എഴുപത് രൂപയാണ് ഇവിടെത്തെ ചായയുടെ വില. ഇദ്ദേഹവും തന്റെ ചായ രഹസ്യം പുറത്ത് വിടാന്‍ ആഗ്രഹിക്കുന്നില്ല.

നിറത്തിലും രുചിയിലും വ്യത്യാസമുള്ള ഏഴു തരം ചായകളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് സൈഫുള്‍ ഇസ്ലാം അവകാശപ്പെടുന്നത്. ഗ്ലാസിലേക്ക് ഓരോ ലെയറുകളാക്കി ഒഴിക്കുന്നത് കൊണ്ട് ഓരോ ലെയറുകള്‍ എത്തുമ്പോഴും ഓരോ രുചികളാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.