ഐഡി കാര്‍ഡ് തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കനിഹ; ‘പഠിപ്പിസ്‌റ്’ ആയിരുന്നല്ലേയെന്ന് ആരാധകര്‍

0
243

പഴയൊരു ഐഡി കാര്‍ഡ് തിരികെ കിട്ടിയ സന്തോഷത്തിലാണ് കനിഹ. ഇന്‍സ്റ്റാഗ്രാമിലൂടെ കാര്‍ഡിന്റെ ഫോട്ടോയും ഒപ്പം ഒരു കുറിപ്പും നടി പങ്കുവെക്കുന്നു.

2001-2002 കാലഘട്ടത്തില്‍ ബിറ്റ്സ് പിലാനി കോളേജില്‍ പഠിക്കുമ്പോഴുള്ള കാര്‍ഡാണത്. കാര്‍ഡില്‍ നടിയുടെ ഫോട്ടോയ്ക്കു ചുവടെ പേര് ദിവ്യ വി എന്നാണ് എഴുതിയിരിക്കുന്നത്. കനിഹയുടെ ആദ്യപേര് ദിവ്യ എന്നായിരുന്നു എന്നത് പലര്‍ക്കും അറിയാത്ത കാര്യം.

കനിഹയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഏറെ കാലം നിധി പോലെ കാത്തുസൂക്ഷിച്ചിരുന്ന കോളേജ് ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ടുപോയെന്നു കരുതിയിരിക്കുകയായിരുന്നു. ഒടുവില്‍ അത് തിരികെ ലഭിച്ചു. സുവനീറുകളും ചിത്രങ്ങളുമടക്കം സ്‌കൂള്‍ കോളേജ് കാലത്തെ ഒട്ടുമിക്ക ഓര്‍മകളും പ്രളയം കൊണ്ടുപോയപ്പോള്‍ ഈ ഐഡി കാര്‍ഡ് മാത്രം ബാക്കിയായി.. ചില ഓര്‍മ്മകള്‍ ഹൃദയത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്നവയാണ്. ഞാനിത്ര നിഷ്‌കളങ്കയായിരുന്നെന്നു വിശ്വസിക്കാനേ കഴിയുന്നില്ല.. അതെ ദിവ്യ എന്നാണ് എന്റെ പേര്.’

 

പത്തൊമ്പതു വര്‍ഷം മുമ്പത്തെ ഫോട്ടോ ആണെങ്കിലും അന്നും ഇന്നും ഒരേപോലെയിരിക്കുന്നുവെന്നാണ് ആരാധകര്‍ കനിഹയുടെ ഫോട്ടോ കണ്ട് അഭിപ്രായപ്പെടുന്നത്. ‘പഠിപ്പിസ്‌റ്’ ആയിരുന്നല്ലേയെന്നും ചില വിരുതന്‍മാര്‍ ചോദിക്കുന്നുണ്ട്.

രാജസ്ഥാനിലെ ബിറ്റ്‌സ് പിലാനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായിരുന്നു കനിഹ. ഒന്നാം റാങ്കോടെ സ്വര്‍ണമെഡല്‍ നേടിയാണ് നടി എഞ്ചിനീയറിങ് പാസായത്.  ദിവ്യ വെങ്കട് സുബ്രമണ്യമെന്നായിരുന്നു കനിഹയുടെ ആദ്യപേര്. സിനിമയില്‍ സജീവമായതോടെ കനിഹയെന്നു പേരുമാറ്റുകയായിരുന്നു.