മുത്തൂറ്റ് മൂക്കു കുത്തുമോ? സമരം തുടര്‍ന്നാല്‍ ശാഖകള്‍ അടയ്ക്കുമെന്ന് എംഡി

0
213

 

മുത്തൂറ്റ് ഫിനാന്‍സിനെതിരേ സിഐടിയു നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. സിഐടിയു ഉപരോധം തുടരുന്ന കൊച്ചിയിലെ ഹെഡ് ഓഫീസില്‍ ഇന്ന് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ റോഡരികില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് 14 ദിവസമായി സിഐടിയു മുത്തൂറ്റ് ശാഖകളില്‍ ഉപരോധം തുടരുകയാണ്. എന്നാല്‍, ഇന്ന് ജോലിക്ക് പ്രവേശിക്കണമെന്ന ആവശ്യവുമായി മുന്നൂറോളം ജീവനക്കാര്‍ കൊച്ചി ബാനര്‍ജി റോഡിലുള്ള ഹെഡ് ഓഫീസില്‍ എത്തുകയായിരുന്നു. ജോലിയില്‍ പ്രവേശിക്കാന്‍ സമരക്കാര്‍ അനുവദിക്കാതെ വന്നതിനെ തുടര്‍ന്ന് ഉപരോധക്കാര്‍ക്കെതിരെ ഇവരും ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

തങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കമ്മിഷണര്‍ക്ക് കത്തു നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ശാഖകള്‍ തുറക്കാനാവാത്ത സാഹചര്യത്തില്‍ കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്ന് സ്ഥലത്തെത്തിയ മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. സമരം അനാവശ്യമാണ്. ജീവനക്കാര്‍ സ്ഥാപനത്തിനൊപ്പമാണ്. സമരം ചെയ്യുന്നത് ജീവനക്കാരല്ല. കേരളത്തിലെ ശാഖകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും മുത്തൂറ്റ് എംഡി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാനേജ്‌മെന്റിന്റെ കടുംപിടിത്തമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സിഐടിയുവിന്റെ ആരോപണം. യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കുക, ശമ്പള വര്‍ധനവ് നടപ്പാക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് പറഞ്ഞ സിഐടിയു വലിയൊരു വിഭാഗം ജീവനക്കാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അവകാശപ്പെട്ടു.