മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

0
220

 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36-കാരിയായ മിതാലി 32 ട്വന്റി-20യില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് വനിതാ ട്വന്റി-20 ലോകകപ്പും ഉള്‍പ്പെടുന്നു.

‘2006 മുതല്‍ ഞാന്‍ ട്വന്റി-20യില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. 13 വര്‍ഷത്തെ ട്വന്റി-20 കരിയറിന് വിരാമം കുറിക്കുകയാണ്. ഇനി 2021 ഏകദിന ലോകകപ്പിലേക്ക് മാത്രമാകും എന്റെ ശ്രദ്ധ.’ വിരമിക്കില്‍ പ്രഖ്യാപിച്ചുകൊണ്ട് മിതാലി വ്യക്തമാക്കി. 2006-ല്‍ ഡെര്‍ബിയില്‍ ഇന്ത്യ ആദ്യമായി അന്താരാഷ്ട്ര ട്വന്റി-20 കളിച്ചത് മിതാലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.

ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡുമായാണ് മിതാലി കളി നിര്‍ത്തുന്നത്. 89 മത്സരങ്ങളില്‍ നിന്ന് 37.5 ബാറ്റിങ് ശരാശരിയില്‍ 2364 റണ്‍സ് മിതാലിയുടെ അക്കൗണ്ടിലുണ്ട്. പുറത്താകാതെ നേടിയ 97 റണ്‍സാണ് ഏറ്റവുമയര്‍ന്ന സ്‌കോര്‍. മാര്‍ച്ചില്‍ ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു മിതാലിയുടെ അവസാന ട്വന്റി-20 മത്സരം.

2000 ട്വന്റി-20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മിതാലിയാണ്. ‘ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കിരീടം നേടുക എന്ന എന്റെ സ്വപ്‌നം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇന്ത്യന്‍ ടീമിനും ബിസിസിഐയ്ക്കും ഞാന്‍ നന്ദി പറയുന്നു.’ മിതാലി വ്യക്തമാക്കി.

203 ഏകദിനങ്ങള്‍ കളിച്ച മിതാലി 51.29 ബാറ്റിങ് ശരാശരിയില്‍ 6720 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഏഴു സെഞ്ചുറികളും ഉള്‍പ്പെടുന്നു. 10 ടെസ്റ്റില്‍ നിന്ന് 663 റണ്‍സാണ് സമ്പാദ്യം. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും മിതാലിയുടെ അക്കൗണ്ടിലുണ്ട്.