ആരെയും കാണാതെ, വീട്ടില്‍ കയറാതെ ഷെഡില്‍ താമസം; ഇതാണ് മാതൃക

0
229

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മുഴുവന്‍ രാജ്യത്തേക്ക് മടങ്ങുകയാണ്. മടങ്ങിയെത്തുന്നവര്‍ നാട്ടിലിറങ്ങി നടന്ന് കൊറോണ വൈറസ് പരത്തുമെന്നുള്ള നാട്ടുകാരുടെ പരിഭ്രമവും ഇവരെയൊക്കെ എന്തിന് തിരികെ കൊണ്ടുവരുന്നുവെന്ന ആശങ്ക നിറഞ്ഞ ചോദ്യത്തിനും ഇടയിലാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ സ്വയം മുന്‍കരുതല്‍ നടപടി സ്വീകരിച്ച് മാതൃകാപരമായി പെരുമാറുന്നത്‌. അതും ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട്ട് തന്നെ മികച്ച ഉദാഹരണം നമുക്ക് മുന്നിലുണ്ട്‌.

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച 19 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ ചെങ്കള പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ച യുവാവ് നാട്ടിലേക്ക് മടങ്ങുമ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. തിരുവനന്തപുരത്തേക്കാണ് മടക്കയാത്രയ്ക്ക്‌ ടിക്കറ്റ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയയുടന്‍ അധികൃതരോട് വൈറസ്ബാധയുടെ പരിശോധന നടത്തണമെന്ന് ഇദ്ദേഹം നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു. മുന്‍കരുതലെന്ന നിലയില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ ആംബുലന്‍സിലാക്കി യാത്ര.

നാട്ടിലെത്തിയ ഉടനെ വീട്ടില്‍ കയറാതെ വീടിന് പുറത്തുള്ള ഷെഡില്‍ താമസമാക്കി. വീടിന് പുറത്തുള്ള ടോയ്‌ലറ്റ് ഉപയോഗിക്കുകയും വീട്ടുകാരെ ആ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഭക്ഷണത്തിനുള്ള പാത്രം ദൂരെ വെച്ചു. അതില്‍ വിളമ്പി നല്‍കിയ ഭക്ഷണം കഴിച്ച് സ്വയം പാത്രം കഴുകി വൃത്തിയാക്കി. മാസ്‌കുള്‍പ്പെടെ സഹായവുമായി എത്തിയ സന്നദ്ധപ്രവര്‍ത്തകരെ അവശ്യസാധനങ്ങള്‍ കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്നു തന്നെ മടക്കി അയച്ചു.

രോഗബാധ സ്ഥിരീകരിച്ചതോടെ അധികൃതര്‍ക്ക് തന്റെ റൂട്ട് മാപ്പ് നല്‍കി അവരുടെ സഹായത്തോടെ ഇദ്ദേഹം ആശുപത്രിയിലേക്ക് പോയി. ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള യുവാവ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം ആരുമായും നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ല. സമ്പര്‍ക്കവിലക്കിന്റെ പ്രാധാന്യം മനസിലാക്കി സ്വയം അകലം പാലിച്ച ഈ യുവാവിന്റെ പ്രവൃത്തി ഒരേസമയം അഭിനന്ദനീയവും ആശ്വാസം പകരുന്നതുമാണ്.

തിങ്കളാഴ്ച കൊറോണബാധ സ്ഥിരീകരിച്ച മൂന്ന് ബാരെ സ്വദേശികളും സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഇവര്‍ വൈറസസ്ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. രോഗബാധ സംശയിച്ചതിനാല്‍ ഇവര്‍ മടങ്ങിയെത്തിയ വിവരം വീട്ടുകാരെ പോലും അറിയിക്കാതെ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. നൈഫില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവര്‍ വന്നിറങ്ങിയത്.

നേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിയ ഇവര്‍ക്ക് നിരീക്ഷണത്തില്‍ നില്‍ക്കാനുള്ള നിര്‍ദേശം ലഭിച്ചു. അവിടെ നിന്ന് ആംബുലന്‍സില്‍ ബാരെയിലെത്തിയ ഇവര്‍ താമസത്തിനായി ഒഴിഞ്ഞ കെട്ടിടം തിരഞ്ഞെടുത്തു. ആരുമായും സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പരിശോധനാഫലം സ്ഥിരീകരിച്ചതോടെ മൂന്നുപേരും പ്രത്യേക ആംബുലന്‍സില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറി.