ലോക്ക് ഡൗണിന് പുല്ലുവില നൽകി ജനം: കര്‍ശന നടപടിയുമായി പോലീസ്

0
71

തിരുവനന്തപുരം: കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാന ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ജനങ്ങള്‍ നിരത്തുകളിലിറങ്ങി. സ്വകാര്യ വാഹനങ്ങള്‍ മിക്കയിടങ്ങളിലും വിലക്ക് ലംഘിച്ച് ഓടുന്നു. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കി. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിയന്ത്രണം ലഘിച്ച് വാഹനങ്ങളുടെ നീണ്ട നിരയാണ്.

വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ആലപ്പുഴയിലെ നിരത്തുകള്‍ സാധാരണ ദിവസങ്ങളിലെന്ന പോലെ നിരക്കനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലെയും അവസ്ഥ ഇതുതന്നെയാണ്. കാസര്‍കോട് മാത്രമാണ് വലിയൊരളവില്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ തങ്ങാന്‍ തയ്യാറാകുന്നത്‌.

വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെ പോലീസ് തിരിച്ചയയ്ക്കുകയാണ്. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

നിലവില്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഉടന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാകളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.